തൃപ്രയാറിലെ മീനൂട്ടും പൂജകളും
ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകൾ. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു. ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല. വൃശ്ചികം 1 മുതൽ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങൾ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട് അത്താഴ ശീവേലി ദർശനം സർവ്വാഭീഷ്ടദായകമാണെന്ന് വിശ്വസിക്കുന്നു. വെടിവഴിപാട്, അവൽനിവേദ്യം, മീനൂട്ട്, പായസം മുതലായവ മുഖ്യവഴിപാടുകളാണ്. അവൽ ശ്രീ ഹനുമാൻ സ്വാമിക്കുള്ളതാണ്. ശ്രീ ചാത്തൻസ്വാമിക്ക് യഥാശക്തിക്ക് ചേർന്ന തുക ഭണ്ഡാരത്തിലിട്ടാൽ സർവ്വാഭിഷ്ടങ്ങളും സാധിക്കുമെന്നാണ് വിശ്വാസം.

വെടിവഴിപാടും ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്. കൂത്തും വഴിപാടായി ഭക്തർ ഇവിടെ നടത്താറുണ്ട്. ഭഗവാന്റെ ആദ്യവതാരമായ മത്സ്യത്തെ പ്രസാധിപ്പിക്കുന്ന മീനൂട്ട് വഴിപാട് നടത്തിയാൽ ഭഗവാനെ ഊട്ടിയതിന് തുല്യമാണെന്നു വിശ്വസിച്ചുവരുന്നു. ശ്വാസസംബന്ധമായ അസുഖങ്ങൾ മാറുവാൻ മീനൂട്ട് നടത്തിയാൽ മതിയെന്ന് അനുഭവസ്ഥർ പറയുന്നു.


