Indiayathra
Subscribe
malayalam section Inbox

തിരുവൈരാണികുളം ശ്രീപാർവ്വതിദേവിയുടെ നട പന്ത്രണ്ടു ദിവസം തുറക്കുന്നതിന്റെ ഐതീഹ്യം

1 minute read

പണ്ടു കാലങ്ങളിൽ ദേവിയുടെ തിരുനട പതിവായി തുറക്കുമായിരുന്നുവെന്നും എന്നാൽ പിന്നീട് ഈ രീതിക്കുമാറ്റം വന്നു എന്നുമാണ് വിശ്വാസം. ഐതിഹ്യപ്രകാരം മഹാദേവനുള്ള നിവേദ്യ സാമഗ്രികൾ തിടപ്പള്ളിയിൽ വച്ചു വാതിലടച്ചു ശാന്തിക്കാരൻ തിരികെ പോരും. ഈ സമയം പാർവ്വതിദേവിയാണ് നിവേദ്യം ഒരുക്കുന്നത്. ശ്രീകോവിലിലെ കർമങ്ങൾ കഴിഞ്ഞു തിടപ്പള്ളി തുറക്കുമ്പോൾ നിവേദ്യം തയ്യാറായിരിക്കും. ഒരിക്കൽ അകവൂർ മനയിലെ അന്നത്തെ കാരണവർ തി ടപ്പള്ളിയിലെ അത്ഭുത നിവേദ്യത്തിൻ്റെ രഹസ്യമറിയാനായി പൂജാസമയത്തിനു മുൻപ് തിടപ്പള്ളി യുടെ വാതിൽ തുറന്നുനോക്കി. ഭഗവാനായി നിവേദ്യം തയാറാക്കുന്ന ദേവിയെ കണ്ടു ഭക്തപരവശനായ നമ്പൂതിരിപ്പാട് ‘അമ്മേ ജഗദംബികേ എന്ന് ഉച്ചത്തിൽ വിളിച്ചുപോയി. കുപിതയായ ദേവി ഇനി തന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടാകില്ല എന്ന് അരുളിച്ചെയ്‌തു. മറ്റു ഭക്തർക്കായെങ്കിലും ഇവിടം വിട്ടു പോകരുതെന്ന് കരഞ്ഞപേക്ഷിച്ച നമ്പൂതിരിപ്പാടിനോട് അലിവ് തോന്നി ഭഗവാന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനഭാഗ്യം നൽകാമെന്നും നടയടഞ്ഞു കിടന്നാലും തൻ്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും അനുഗ്രഹിച്ചു. ഇതിൻ പ്രകാരമാണ് പതിവായി തുറന്നിരുന്ന ശ്രീപാർവ്വതിദേവിയുടെ തിരുനട വർഷത്തിൽ പന്ത്രണ്ടു നാൾ മാത്രം തുറക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. നട അടഞ്ഞുകിടക്കുമ്പോഴും ദേവിയുടെ സാന്നിദ്ധ്യ മുണ്ടെന്ന വിശ്വാസത്താൽ നടതുറപ്പു മഹോത്സവ ശേഷവും വർഷം മുഴുവൻ നിരവധി ഭക്തർ ദേവി യുടെ അനുഗ്രഹം തേടി ക്ഷേത്രത്തിലെത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നു.

നടതുറപ്പ് ഉത്സവത്തിനായി പൂത്താലത്തോടും വാദ്യഘോഷങ്ങളോടും കൂടി ദേവിക്ക് ചാർത്താ നുള്ള തിരുവാഭരണങ്ങൾ അകവൂർ മനയിൽ നിന്നും എഴുന്നള്ളിക്കുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. തിരുവാഭരണ ഘോഷയാത്രയ്ക്ക് താലമെടുക്കുന്നതിനായി നിരവധി ബാലികമാരും യുവതികളും എത്തിച്ചേരും. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കുന്ന തിരുവാഭരണങ്ങൾ ചാർത്തിയ ശേഷം നടതുറപ്പ് ചടങ്ങുകൾ ആരംഭിക്കുന്നു. ദേവിയുടെ തോഴി സ്ഥാനത്തുള്ള ബ്രാഹ്‌മണിയമ്മ സമുദായം തിരുമേനിയുടെ നിർദ്ദേശപ്രകാരം തിരുനടതുറക്കാൻ പറയുകയും മേൽശാന്തി നടതുറക്കുകയും ചെയ്യുന്നതോടെ 12 നാൾ നീണ്ടു നിൽക്കുന്ന നടതുറപ്പ് മഹോത്സവത്തിന് സമാരംഭമാവുകയും പന്ത്രണ്ടാം ദിവസം രാത്രി ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം തിരുനട അടക്കുകയും ചെയ്യുന്നു. നടതുറക്കുന്ന ദിവസം രാത്രിയിൽ ക്ഷേത്ര മുറ്റത്ത് വിളക്ക് കൊളുത്തി ആചാര പ്രകാരം സ്ത്രീകൾ ഉറക്കമിളച്ച് തിരുവാതിര കളിക്കുകയും പാതിരാപ്പൂ ചൂടുകയും ചെയ്യുന്ന ചടങ്ങും ഉണ്ട്. എല്ലാ ചടങ്ങുകളിലും ശ്രീപാർവ്വതിദേവിയുടെ സാന്നിദ്ധ്യമുണ്ടാകും എന്നാണ് വിശ്വാസം.