Thrissur Pulikali 2024

1 minute read
20 Views

പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലിയിറങും. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടക്കുക. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക. ചുവടുകളുമായി പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാംഭീര്യമേറും. 

പുലർച്ചെ 6 മണിയോടെ പുലിവര ആരംഭിച്ചു. പുലിക്കളി കലാകാരന്മാർ നീണ്ട മണിക്കുറുകളാണ് ഒരേ നിൽപ്പിൽ നിന്നുകൊണ്ട് പുലിവരക്ക് കളമൊരുക്കുന്നത്. 4 മണിയോടെ പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്ന സ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ അണി നിരക്കും. പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ- എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി മാറും. സീതാറാം മിൽ ദേശം, ശങ്കരൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിവയാണ് ടീമുകൾ. 

പണ്ടുകാലത്ത് കരിയും നീലവും മറ്റ് പ്രകൃതി ദത്ത നിറങ്ങളുമായിരുന്നു പുലിക്കളി കലാകാരന്മാരുടെ ദേഹത്ത് പൂശിയിരുന്നത്. എന്നാൽ ഇന്ന് ഇനാമൽ പെയിന്റാണ് ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഗൊറില്ല പൗഡറിൽ ഇനാമൽ പെയിന്റും വാർനിഷും ചേർത്താണ് പെയിന്റ് തയാറാക്കുകയെന്ന് വിയ്യൂർ പുലിവര ആർട്ടിസ്റ്റ് നിഖിൽ വിശദീകരിച്ചു. പുലികളിയുടെ തലേ ദിവസങ്ങളിൽ തന്നെ പുലി മടകളിൽ പെയിന്റ് അരക്കൽ ആരംഭിക്കും. അരകല്ലിൽ കുഴമ്പ് രൂപത്തിലുള്ള പെയിന്റ്  അരച്ചെടുക്കുന്നത് ശ്രമകരമായ പ്രവർത്തിയാണ്. ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പെയിൻ്റ് കട്ടയായി മാറും. ഇത് പിന്നീട് ഉപയോഗിക്കാനാകില്ല.