ഗുരുവായൂരിലെ കീഴ്ശാന്തി കുടുംബങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ സഹായിക്കാന്‍ രണ്ട് കീഴ്ശാന്തിമാര്‍ ഉണ്ടായിരിക്കും. കോഴിക്കോട് ജില്ലയിലെ കാരിശ്ശേരിയില്‍ നിന്ന് സാമൂതിരി ഗുരുവായൂരിലേയ്ക്ക് കൊണ്ടുവന്ന പതിമൂന്നു നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നുള്ളവരാണ് കീഴ്ശാന്തിമാര്‍. ഒരു മാസം രണ്ട് ഇല്ലക്കാര്‍ വീതം ഊഴം വച്ചാണ് കീഴ്ശാന്തി വൃത്തി ചെയ്യുന്നത്. മേച്ചേരി, നാകേരി, മഞ്ചിറ, വേങ്ങേരി, തിരുവാലൂര്‍, അക്കാരപ്പള്ളി, കൊടയ്ക്കാട്, മേലേടം, മൂത്തേടം, ചെറുതയ്യൂര്‍, കീഴേടം, തേലമ്പറ്റ, മുളമംഗലം എന്നിവയാണ് ആ ഇല്ലങ്ങള്‍. ക്ഷേത്രത്തില്‍ നിവേദ്യം പാചകം ചെയ്യുക, അഭിഷേകത്തിനും നിവേദ്യത്തിനും മറ്റും ജലം കൊണ്ടുവരിക, ചന്ദനം അരച്ചുകൊണ്ടുവരിക, ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിക്കുക, പ്രസാദം വിതരണം ചെയ്യുക, ഉപദേവതകള്‍ക്ക് പൂജകള്‍ നടത്തുക തുടങ്ങിയത് കീഴ്ശാന്തിമാരാണ് നിര്‍വ്വഹിക്കുക. പക്ഷെ മറ്റുക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി മേല്‍ശാന്തിയുടെ അഭാവത്തില്‍ ഇവര്‍ക്ക് അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയില്ല. ഇവിടെ പകരം ഓതിയ്ക്കാര്‍ക്കാണ് ആ ചുമതലകള്‍ നല്‍കുന്നത്. കീഴ്ശാന്തിമാര്‍ക്ക് വിഗ്രഹത്തെ സ്പര്‍ശിയ്ക്കാനുള്ള അധികാരവും ഇവിടെയില്ല.