ഈ മാമ്പഴം ചില്ലറക്കാരനല്ല
കണ്ണൂരിലെ കുറ്റിയാട്ടൂര്‍ ഗ്രാമത്തിന് വശ്യമായ രുചിയുടെ ഒരു പര്യായമുണ്ട്- കുറ്റിയാട്ടൂര്‍ മാങ്ങ. ഹൃദ്യമായ സ്വാദിനും മധുരത്തിനും പേരുകേട്ട ഈ മാമ്പഴം ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (GI) ടാഗ് ലഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ മാമ്പഴമാണ് . ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും അതിന്റെ മേന്‍മകളും പ്രശസ്തിയും ഉള്ള ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഒരു അടയാളമാണ് ജി.ഐ ടാഗ്.
കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഗ്രാമം സമൃദ്ധമായ മാമ്പഴത്തോട്ടങ്ങള്‍ക്ക് കാലങ്ങളായി പേരുകേട്ടതാണ്. ‘നമ്പ്യാര്‍ മാങ്ങ’, ‘കുഞ്ഞിമംഗലം മാങ്ങ’,’കണ്ണപുരം മാങ്ങ’, , ‘വടക്കുംഭാഗം മാങ്ങ’ എന്നീ പേരുകളിലും അറിയപ്പെടുന്ന മാമ്പഴങ്ങളാണ് ഇവിടെ വളരുന്നത്. അതുല്യമായ രുചിയാണ് ഈ മാമ്പഴങ്ങള്‍ക്ക്.
ആധുനിക കാലത്തെ കൃഷി രീതികളും മാറുന്ന കാലാവസ്ഥയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും നാടന്‍ മാമ്പഴ ഇനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കര്‍ഷകരുടെ പ്രതിബദ്ധത എടുത്തുപറയേണ്ട ഒന്നാണ്.
വശ്യമായ രുചിക്ക് പുറമെ പോഷക ഗുണങ്ങള്‍ക്കും പേര്‌കേട്ടതാണ് ഈ മാമ്പഴം. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഡയറ്ററി ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ ഈ മാമ്പഴം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.