ലോകപ്രസിദ്ധമായ തിരുനല്‍വേലി ഹല്‍വ

ലോകപ്രസിദ്ധമായ തിരുനല്‍വേലി ഹല്‍വയും ഇരുട്ട് കടയും

1 minute read
49 Views

ലോകപ്രസിദ്ധമായ തിരുനെല്‍വേലി ഹല്‍വ..എന്നാല്‍ യഥാര്‍ത്ഥ തിരുനെല്‍വേലി ഹല്‍വ കിട്ടുന്ന ഒരു കട മാത്രമാണ് ഇപ്പോള്‍ തിരുനെല്‍വേലിയില്‍ ഉള്ളത്. ‘ഇരുട്ട് കട’യെന്നാണ് പേര്. വളരെ പഴയ ഈ കടയില്‍ മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമേ ഹല്‍വ കിട്ടൂ. കട തുറന്ന് മണിക്കൂറിനുള്ളില്‍ തന്നെ മുഴുവന്‍ വിറ്റുതീരുമെന്നതിനാല്‍ താമസിച്ചെത്തുന്നവര്‍ക്ക് പലര്‍ക്കും ഹല്‍വ കിട്ടാറില്ല.

തിരുനല്‍ വേലി ഹല്‍വയുടെ ചരിത്രം ആരംഭിക്കുന്നത് 1800 കളിലാണ്. ‘ചൊല്‍കാം പെട്ടി’ എന്ന നാട്ടുരാജ്യത്തെ രാജാവ് കാശിയില്‍ പോയപ്പോള്‍ ഹല്‍വ്വ കഴിക്കാന്‍ ഇടയായി. ആ ഹല്‍വയുടെ രുചി രാജാവിന് നന്നേ ഇഷ്ടപ്പെട്ടു. രജപുത്രനായ പാചകക്കാരന്‍ ജഗന്‍ സിങ്ങിനെ അദ്ദേഹം തിരുനെല്‍വേലിയിലേയ്ക്ക് കൂടെകൂട്ടി. പിന്നീട് ജഗന്‍ സിംഗ് തിരുനല്‍വേലി ലക്ഷ്മി വിലാസ് എന്ന പേരില്‍ ഹല്‍വ കട ആരംഭിച്ചു. ജഗന്‍ സിങ്ങിന്റെ പിന്‍ മുറക്കാരന്‍ കൃഷ്ണ സിംഗാണ് ഇരുട്ട് കടയുടെ നിലവിലെ ഉടമസ്ഥന്‍.  മറ്റു പല കടകളിലും  തിരുനെല്‍വേലി ഹല്‍വ കിട്ടുമെങ്കിലും യഥാര്‍ത്ഥ തിരുനെല്‍വേലി ഹല്‍വ’ വാങ്ങാനായി ഇരുട്ട് കടയിലെ ക്യൂ നിന്ന് തന്നെ വാങ്ങണം.

തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിലൂടെ ഒഴുകുന്ന ‘താമരഭരണി’ പുഴയിലെ ജലമാണു തിരുനല്‍വേലി ഹല്‍വയ്ക്ക് ഇത്ര രുചി നല്‍കാന്‍ കാരണം എന്നാണ് പറയപ്പെടുന്നത്. 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ഗോതമ്പ് അരച്ച് പാല്‍പരുവമാക്കി അത് നെയ്യും, പഞ്ചസാരയും, താമരഭരണി പുഴയിലെ വെള്ളവും ചേര്‍ത്ത് കുറുക്കി എടുത്താണ് തിരുനല്‍വേലി ഹല്‍വ നിര്‍മ്മിക്കുന്നത്. കയില്‍ ഒട്ടിപ്പിടിക്കാത്ത, ജല്ലി പോലെയാണ് അതിന്റെ പരുവം.