മൈസൂര്‍പാക്കിന്റെ കഥ
നാവില്‍ അലിഞ്ഞിറങ്ങുന്ന നല്ല മൈസൂര്‍ പാക്കിന്റെ സ്വാദ്. ആഹാ, കൊതിയൂറുന്നു അല്ലേ. നെയ്യില്‍ തയ്യാറാക്കുന്ന ഒരു ഇന്ത്യന്‍ പലഹാരത്തിന്റെ ഉത്ഭവം കര്‍ണ്ണാടകയിലെ മൈസൂര്‍ ആണ്.
മൈസൂര്‍ മഹാരാജാവ്, കൃഷ്ണരാജ വോഡയാര്‍ നാലാമന് വലിയ ഭക്ഷണപ്രിയനായിരുന്നു. മൈസൂരിലെ അംബാ വിലാസ് കൊട്ടാരത്തിലെ അറിയപ്പെടുന്ന പ്രധാന പാചകക്കാരനായിരുന്ന കാക്സുര മദപ്പ വിഭവസമൃദ്ധമായ ഉച്ചഭണത്തിനൊപ്പം രാജാവിന് കഴിക്കാന്‍ സവിശേഷമായ ഒരു മധുരപലഹാരം തയ്യാറാക്കുന്നതിന്റെ ചിന്തയിലായിരുന്നു. അസാധാരണമായ എന്തെങ്കിലും അവതരിപ്പിക്കാന്‍ ആഗ്രഹിച്ച് പരീക്ഷണം തുടങ്ങി. ചെറുപയര്‍, നെയ്യ്, പഞ്ചസാര എന്നിവ ചേര്‍ത്ത് മൃദുവായ പാക്ക അഥവാ മിശ്രിതം അദ്ദേഹം തയ്യാര്‍ ചെയ്തു. അത് രുചിച്ചുനോക്കിയ രാജാവിന് വളരെ ഇഷ്ടമായി. അദ്ദേഹം മദപ്പയെവിളിച്ച് അതിന്റെ പേര് ചോദിച്ചു. മദപ്പ മനസ്സില്‍ ആദ്യം തോന്നിയ പേര് പറഞ്ഞു – ‘മൈസൂര്‍ പാക്ക്’.
മഹാരാജാവിന് മധുരം വളരെ പ്രിയങ്കരമായതിനാല്‍ കൊട്ടാരത്തിന് പുറത്ത് ഒരു മധുരപലഹാരക്കട തുറക്കാന്‍ മദപ്പയോട് ആവശ്യപ്പെട്ടു. ആ പാചകക്കുറിപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ യഥാര്‍ത്ഥ മധുരപലഹാരം ഇപ്പോഴും ദേവരാജ മാര്‍ക്കറ്റിലെ പ്രശസ്തമായ ‘ഗുരു സ്വീറ്റ്സ്’ സ്റ്റോറുകളില്‍ ലഭ്യമാണ് , മടപ്പയുടെ കൊച്ചുമക്കളായ കുമാറും ശിവാനന്ദുമാണ് അത് നടത്തുന്നത്