ധാര്‍വാഡ് പേഡ
കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു സവിശേഷമായ മധുരപലഹാരമാണ് ധാര്‍വാഡ് പേഡ. മറ്റ് പേഡകളില്‍ നിന്ന് വ്യത്യസ്തമായി കടുത്ത ബ്രൗണ്‍ നിറത്തിലുള്ള ഈ പേഡകളില്‍ പഞ്ചസാരയുടെ ചെറുതരികളാലുള്ള ആവരണമുണ്ട്. ഇതിന്റെ വശ്യമായ രുചിയും പാരമ്പര്യവും നിമിത്തം ഭൗമസൂചികയില്‍ ഇടം നേടിയിട്ടുള്ള വിഭവങ്ങളിലൊന്നാണിത്.
ഇതിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും രാം രത്തന്‍ സിംഗ് താക്കൂറും കുടുംബവും ധാര്വാഡിലെത്തുന്നു. ഉപജീവനോപാധിയായി താക്കൂര്‍ കുടുംബം പേഡകള്‍ നിര്‍മ്മിച്ച് വില്ക്കുവാന് തുടങ്ങി. ഈ പേഡ ക്രമേണ പ്രശസ്തമാവുകയും ധാര്‍വാഡ് പേഡ എന്ന പേരിലറിയപ്പെടുവാന്‍ തുടങ്ങുകയും ചെയ്തു.
രത്തന്‍ സിംഗ് താക്കൂറിന്റെ ചെറുമകനായ ബാബു സിംഗ് താക്കൂര്‍ ധാര്‍വാഡിലെ ലൈന്‍ ബസാറില്‍ ആരംഭിച്ച പേഡ നിര്‍മ്മാണ കേന്ദ്രം ഇപ്പോഴും പ്രസിദ്ധമായി തുടരുന്നു.1913-ല്‍ അക്കാലത്ത് ബോംബെ പ്രവിശ്യയുടെ ഭാഗമായിരുന്ന ധാര്‍വാഡ് സന്ദര്‍ശിച്ച ബോംബേ ഗവര്‍ണ്ണര്‍ ഈ പേഡയുടെ രുചിയില്‍ വലിയ സന്തുഷ്ടിയും സംതൃപ്തിയും പ്രകടിപ്പിക്കുകയും ഒരു മെഡല്‍ സമ്മാനിക്കുകയുമുണ്ടായി. അന്നുമുതല്‍ താക്കൂര്‍ പേഡകള്‍ എന്നു കൂടി ഇത് അറിയപ്പെടുന്നു. തലമുറകളായി കൈമാറിയ പേഡയുടെ നിര്‍മ്മാണ രീതി ഇന്നും കുടുംബം രഹസ്യമായി സൂക്ഷിക്കുന്നു. രണ്ടു മാസത്തോളം ഈ പേഡകള്‍ കേടു കൂടാതെ സൂക്ഷിക്കാനാവും.