മലയിറക്കം
ഈ വഴി എവിടെനോക്കിയാലും കാഴ് ച്ചയുടെ കടല്‍തന്നെയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. 40 ഹെയര്‍പിന്നുകള്‍ പിന്നിട്ടുവേണം പൊള്ളാച്ചി ചുരമിറങ്ങാം. പൊള്ളാച്ചിയിലേക്ക് ദൂരം 64 കിലോമീറ്റര്‍. 1886-ല്‍ മാത്യു ലോം സായിപ്പ് തയ്യാറാക്കിയ കാഴ്ച്ചകളുടെ വിസ്മയ പാതയാണിത്. ടൈഗര്‍വാലി നിബിഢവനങ്ങളിലൂടെയാണ് പാതവെട്ടിത്തെളിച്ചിരിക്കുന്നത്. അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെ നൂറുതവണ നമിക്കണം. ആദ്യത്തെ 12 ഹെയര്‍പ്പിന്നുകള്‍ പിന്നിട്ടാല്‍ എത്തുന്നത് മലയുടെ ശൃംഖത്തിലാണ്. ഇവിടെനിന്ന് നോക്കിയാല്‍ വളമുപുളമുകിടക്കുന്ന പാതയുടെ കാഴ്ച്ച അത്ഭുതമുണര്‍ത്തുന്നതാണ്. പിന്നീട് 28 വളവുകള്‍ താഴേക്ക്. ചുരമിറങ്ങുമ്പോള്‍ താഴെക്കാണുന്ന അഴിയാര്‍ ഡാമിന്റെ കാഴ്ച്ച ഏറെമനോഹരമാണ്. കാഴ്ച്ചകള്‍കണ്ട് മലയിറങ്ങുമ്പോള്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ ഈ മലനിരകളില്‍ അസ്തമയസൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ കൂടുതല്‍ മനോഹാരിത സമ്മാനിച്ചത്‌പോലെ തോന്നി.