വാല്‍പ്പാറയിലേക്ക്…
മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തി വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍നിന്നും തന്ന സ്ലിപ്പ് പരിശോധിച്ചു യാത്രയ്ക്ക് അനുമതി തരും. ഇനി എത്തുന്നത് വാല്‍പ്പാറ ചെക്ക്‌പോസ്റ്റിലേക്കാണ്. വാല്‍പ്പാറ ചെക്ക്‌പോസ്റ്റ് കടന്നുചെല്ലുമ്പോള്‍ കാഴ്ച്ചകളുടെ വസന്തമാണ് . പ്രകൃതിയാകെമാറി. രണ്ടുവശവും തേയിലക്കാടുകളുടെ വശ്യസൗന്ദര്യം. മനോഹരമായി അതിരിടുന്ന തേയിലച്ചെടികളുടെ ഇടയിലൂടെ നീണ്ടുകിടക്കുന്ന ഒന്നാന്തരം റോഡ്. സത്യംപറയാമല്ലോ, വാല്‍ പ്പാറമുതല്‍ റോഡുകളുടെ നിലവാര ത്തിന് തമിഴ്‌നാട് സര്‍ക്കാരിനെ സ്തുതിക്കാതെവയ്യ. മലക്കപ്പാറയില്‍നിന്ന് വാല്‍ പ്പാറയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. വഴിയില്‍ ഇടയ്ക്കിടെ മലനിരകളില്‍നിന്ന് ഒഴുകിപ്പതിക്കുന്ന അരുവികള്‍. വേണ്ടവര്‍ക്ക് ധൈര്യമായി ഒരു കുളിയാകാം. കാരണം പ്രകൃതിയുടെ എല്ലാ പരിശുദ്ധിയും നിങ്ങള്‍ക്ക് അതിലൂടെ ലഭിക്കുമെന്നതുതന്നെ.
യാത്രയ്ക്കിടയിലാണ് ഷോളയാര്‍ ഡാം. പകുതിയോളമേ വെള്ളമുള്ളൂ. പക്ഷെ കാഴ്ച്ചക്കാര്‍ ധാരാളം. തമിഴനും മലയാളിയും ഒരുപോലെ ആസ്വദിക്കുന്ന കാഴ് ച്ച. തേയിലത്തോട്ടങ്ങളുടെ മനോഹാരിത വാല്‍പ്പാറയടുക്കുംതോറും ഏറിയേറിവരുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ പരന്നുകിടക്കുന്ന ഒരു കൊച്ചുപട്ടണമാണ് വാല്‍പ്പാറ ടൗണ്‍. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാരാണ് ഇവിടെ തേ
യില കൃഷി തുടങ്ങിയത്. ഇപ്പോള്‍ ടാറ്റ ടീയും, വുഡ് ബ്രയര്‍ ഗ്രൂപ്പുമാണ് തോട്ടങ്ങളില്‍ കൃഷി നടത്തുന്നത്.
ഈ പ്രദേശത്തിന്റെ മനോഹാരിത ഇത്രനന്നായി നിലനിര്‍ത്തുന്നതിന് അവര്‍ക്ക് സ്തുതി പറയണം. ഉച്ഛയിലെ നനുത്ത വെയില്‍ മങ്ങിത്തുടങ്ങുന്തോറും പതിയെപ്പതിയെ കോടയിറങ്ങിത്തുടങ്ങും. തേയിലക്കാടുകളുടെ മനോഹാരിത കോടമഞ്ഞില്‍ ഏറിയതുപോലെ. ഇനി പൊള്ളാച്ചിവഴി തിരികെ മലയിറങ്ങാം.